ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക സമൂഹമൊന്നാകെ ചേര്‍ന്ന്‌ ഇടവകയിലെ മുതിര്‍ന്നവരെ ആദരിച്ചു. പേരക്കുട്ടികളുള്ള എല്ലാവര്‍ക്കുമായി പ്രത്യേകമായി സമര്‍പ്പിച്ച നവംബര്‍ എട്ടാംതീയതി പ്രത്യേക അനുഭമായി മാറി. ഇടവകയിലെ വിമന്‍സ്‌ഫോറം സംഘടിപ്പിച്ച ഈ പരിപാടി അത്യധികം വിലമതിക്കുന്ന ഒന്നായി കാണുന്നുവെന്നു ഏവരും അഭിപ്രായപ്പെട്ടു.

കത്തിച്ച തിരികളും പൂക്കളുമായി പ്രദക്ഷിണമായി ദേവാലയത്തിലേക്ക്‌ ഇവരെ ആനയിച്ചു. മുഖ്യകാര്‍മികനായിരുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുതിര്‍ന്ന തലമുറയിലെ ഏവരേയും ആശംസിക്കുകയും അവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. ഇന്നത്തെ തലമുറയ്‌ക്ക്‌ മുതിര്‍ന്നവരില്‍ നിന്നും ഏറെ പാഠങ്ങള്‍ പഠിക്കുവാന്‍ കഴിയുമെന്നും പിതാവ്‌ പറഞ്ഞു. സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും ആശംസകള്‍ നേരുകയും, മാര്‍ അങ്ങാടിയത്ത്‌ പതാവിനോടു ചേര്‍ന്ന്‌ ഏവര്‍ക്കും പ്രത്യേകം ഒരുക്കിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്‌തു.

തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ വെച്ച്‌ സമ്മേളനവും ഉച്ചഭക്ഷണവുമുണ്ടായിരുന്നു. ഇത്തരമൊരു വേദി മുതിര്‍ന്നവര്‍ക്കായി ഒരുക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായി വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ലില്ലി തച്ചില്‍ തന്റെ സ്വാഗതപ്രസംഗ മേധ്യേ പറഞ്ഞു. മുതിര്‍ന്നവരുടെ പ്രതിനിധിയായി റോയ്‌ തോമസ്‌ ഏവര്‍ക്കും നന്ദി അറിയിച്ചു. എല്‍സ അറയ്‌ക്കല്‍ കൃതജ്ഞതാ പ്രകാശനം നടത്തി. ബീന വള്ളിക്കളം എം.സിയായിരുന്നു. വിമന്‍സ്‌ ഫോറം സെക്രട്ടറി ഷൈനി ഹരിദാസ്‌, ട്രഷറര്‍ സൂസന്‍ ചാമക്കാല എന്നിവര്‍ പ്രസിഡന്റിനോടൊപ്പം ചേര്‍ന്ന്‌ പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി യത്‌നിച്ചു. എല്ലാ വിമന്‍സ്‌ ഫോറം അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു വിജയകരമായ ഈ സംഗമം. മേരിക്കിട്ടി ജോസഫ്‌, ജോളി വടിയം, ലില്ലിക്കുട്ടി ഫിലിപ്പ്‌ എന്നിവരുടെ പ്രാര്‍ത്ഥനാഗാനത്തിനുശേഷം ഇടവകയിലെ കുഞ്ഞുങ്ങളായ അമാരിയ കൂള, അലക്‌സാ മാളിയേക്കല്‍ എന്നിവര്‍ കരുണയെക്കുറിച്ചുള്ള മനോഹര ഗാനം ആലപിച്ചു. ലിന്‍സി വടക്കുംചേരിയുടെ നേതൃത്വത്തില്‍ പഴയകാല ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരം ഒരുക്കിയത്‌ ഏറെ ഹൃദ്യവും ഏവരിലും പൂര്‍വ്വകാല സ്‌മരണകളുണര്‍ത്തുന്നതുമായിരുന്നു. ജോയിച്ചന്‍ പുതുക്കുളം, തങ്കമ്മ മൂലംകുന്നേല്‍, സെലീനാമ്മ കാപ്പില്‍, റോസി ലോനപ്പന്‍, റോസമ്മ ആന്റണി, കുഞ്ഞച്ചന്‍ തോട്ടുകണ്ടത്തില്‍, അച്ചാമ്മ തേവലക്കര എന്നീ മാതാപിതാക്കള്‍ ഗാനങ്ങള്‍ ആലപിച്ചു. റോസമ്മ ആന്റണി, ലീലാ പോള്‍ നെല്ലിശേരി, ജോയിച്ചന്‍ & ത്രേസ്യാമ്മ മാരൂര്‍, റോയ്‌ & ആനിയമ്മ തോമസ്‌ എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ നേടി.

ഭാവിതലമറയുടെ സ്വഭാവരൂപീകരണത്തിലും വളര്‍ച്ചയിലും മുതിര്‍ന്നവര്‍ക്കുള്ള പങ്കും അതിനായി അവര്‍ക്ക്‌ അര്‍ഹമായ ആദരവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ആശംസാമധ്യേ എടുത്തുപറഞ്ഞു. മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ ജോയ്‌ ആലപ്പാട്ട്‌, അസി. വികാരി ഫാ. ബെന്നി ചിറ്റിലപ്പള്ളി, രൂപതാ ഫിനാന്‍സ്‌ ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ പരിപാടിയുടെ ആദ്യാവസാനം മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നുവെന്നത്‌ ഏവര്‍ക്കും സന്തോഷകരമായി. ഇത്തരമൊരു സംഗമം സംഘടിപ്പിച്ച വിമന്‍സ്‌ ഫോറം പ്രവര്‍ത്തകര്‍ക്ക്‌ മാതാപിതാക്കള്‍ നന്ദി പറഞ്ഞു. മാതാപിതാക്കള്‍ക്ക്‌ ഒരുമിച്ച്‌ കൂടുവാനുള്ള ഒരു വേദിയ്‌ക്കായി ഒരു ക്ലബ്‌ അഥവാ കൂട്ടായ്‌മ രൂപംകൊടുക്കുന്നതായി വികാരി പാലയ്‌ക്കാപ്പറമ്പിലച്ചനും വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ലില്ലി തച്ചിലും അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റോയ്‌ തോമസിന്റെ നേതൃത്വത്തില്‍ മേരിക്കുട്ടി ജോസഫ്‌, ജോര്‍ജ്‌ ചാഴൂര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചു.