വാഷിംഗ്ടണ്‍: സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കസാന്‍ കത്തീഡ്രലില്‍ ഇസ്ലാമിക് ഭീകരര്‍ ശനിയാഴ്ച നടത്താനിരുന്ന ആക്രമണത്തെപ്പറ്റി അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ നല്‍കിയ സന്ദേശം റഷ്യന്‍ സെക്യൂരിറ്റി സര്‍വീസസിന് സഹായകമായി. ഐ.എസിനെ തുണയ്ക്കുന്ന ഏഴംഗ സെല്ലിനെ വെള്ളിയാഴ്ച പിടികൂടാനും, ഇവരില്‍ നിന്ന് ധാരളം സ്‌ഫോട വസ്തുക്കളും ആയുധങ്ങളും കണ്ടെത്താനും കഴിഞ്ഞതായി റഷ്യന്‍ സെക്യൂരിറ്റി സര്‍വീസസ് പ്രസ്താവനയില്‍ അറിയിച്ചു. റഷ്യയിലെ രണ്ടാമത്ത വലിയ നഗരത്തിലെ കത്തീഡ്രലും, പൊതുസ്ഥലങ്ങളും ലക്ഷ്യമിട്ട് ശനിയാഴ്ച ഇവര്‍ ആക്രമണം നടത്താനിരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
സി.ഐ.എ യുടെ സമയോചിതമായ ഇടപെടലിന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ , അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. സി.ഐ.എ ഡയറക്ടര്‍ക്കും, ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തിയവര്‍ക്കും നന്ദി അറിയിക്കുവാന്‍ പുടിന്‍ അഭ്യര്‍ഥിച്ചു. ഭീകരാക്രമണം സംബന്ധിച്ച് റഷ്യന്‍ സെക്യൂരിറ്റി സര്‍വീസസിനു ലഭിക്കുന്ന വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി പങ്കുവയ്ക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച പുടിനുമായി ട്രമ്പ് ഫോണില്‍ സംസാരിച്ച കാര്യം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് സ്തിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരുവരും ഫോണില്‍ സംഭാഷണം നടത്തുന്നത്. സിറിയയില്‍ നിന്ന് മടങ്ങുന്ന ഐ.എസ് ഭീകരര്‍ റഷ്യയ്ക്ക് ഭീഷണിയായി മാറിയിട്ടുണ്ടെന്ന് റഷ്യന്‍ സെക്യൂരിറ്റി സര്‍വീസസ് അധികൃതര്‍ പറയുന്നു. 2017 ല്‍ 17 ഭീകരാക്രമണ ശ്രമങ്ങള്‍ തടയാന്‍ കഴിഞ്ഞതായി അവര്‍ അറിയിച്ചു. ഏപ്രിലില്‍ സെന്റ് പീറ്റേഴ്‌സബര്‍ഗ് മെട്രോ സംവിധാനത്തിനുണ്ടായി ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജിഹാദി ആക്രമണമായിട്ടാണ് ഇത് കരുതപ്പെടുന്നത്.