ഹ്യൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നാല്പതാം അടിയന്തിരം ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്നു. രാവിലെ 8 മണിക്ക് നമസ്കാരവും, വി. കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും തുടര്‍ന്ന് നേര്‍ച്ച വിളമ്പും ക്രമീകരിച്ചിട്ടുണ്ട്. പാവങ്ങളുടെയും ആദിവാസികളുടെയും ഉന്നമനത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ച മെത്രാപ്പോലിത്തായ്ക്ക് ഹ്യൂസ്റ്റണില്‍ അതിബൃഹത്തായ ഒരു സൗഹൃദവലയമുണ്ട്. ക്യാന്‍സര്‍ രോഗം കണ്ടുപിടിച്ച ആദ്യനാളുകളില്‍ അദ്ദേഹം ഹ്യൂസ്റ്റണിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

 

മലബാര്‍ ഭദ്രാസനാംഗങ്ങള്‍ കൂടിയായ ഫാ. മാത്തുക്കുട്ടി വര്‍ഗീസ്, ഫാ. പി.എം. ചെറിയാന്‍ എന്നിവര്‍ കുര്‍ബായ്ക്കും ഓര്‍മ്മ പ്രാര്‍ത്ഥനകള്‍ക്കും ഹ്യൂസ്റ്റണിലെ മറ്റു വൈദികരോടും ഇടവകാംഗങ്ങളോടും ചേര്‍ന്ന് നേതൃത്വം നല്‍കുന്നതാണ്. തിരുമേനിയുടെ എല്ലാ സുഹൃത്തുക്കളെയും, വിശ്വാസികളെയും ഇടവക ഭാരവാഹികള്‍ പ്രത്യേകം ക്ഷണിക്കുന്നു. അഡ്രസ്: (9915 Vekkano Rd., Sugar Land, TX 77498). കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. പി.എം. ചെറിയാന്‍ 2812164347.