ഡാലസ്: വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് വിമുഖത കാട്ടുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് പുതിയ ഒരു സംസ്‌കാരം രൂപപ്പെടുത്തുവാന്‍ സംഘടനകള്‍ മുന്നോട്ട് വരേണ്ടത് ഇന്ന് അനിവാര്യമായിക്കുന്നു എന്ന് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരിയും, മാര്‍ത്തോമ്മ സഭയുടെ മുന്‍ ഫിനാന്‍സ് മാനേജരും ആയ റവ.പി.സി.സജി അഭിപ്രായപ്പെട്ടു. തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ 11-മത് വാര്‍ഷികത്തോടനുബന്ധിച്ച് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 13 ശനിയാഴ്ച നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു. പ്രസിഡന്റ് സോണി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റ് ജെ.പി.ജോണ്‍, സെക്രട്ടറി ബിജു വര്‍ഗീസ്, ട്രഷറാര്‍ മാത്യു സാമുവേല്‍, വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ഡാലസിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അലക്‌സ് അലക്‌സാണ്ടര്‍(സെക്രട്ടറി കെ.ഇ.സി.എഫ്.), സാം മത്തായി(പ്രസിഡന്റ് ഡി.എം.എ.), ജോസന്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി, ലാന), ടി.സി.ചാക്കോ(ഫഌവേഴ്‌സ് ടി.വി.), ഷിജു എബ്രഹാം (പ്രസിഡന്റ് റാന്നി അസോസിയേഷന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഐറിന്‍ കല്ലൂര്‍, സാബു, ലൈഡിയ വര്‍ഗീസ്, എറിന്‍ പോള്‍, ഷാജന്‍ എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, ഫ്യൂഷന്‍ പോപ്പേഴ്‌സ് ഡാലസ്, സോന ആന്റ് സോണിയ, ജോവാന എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സും, ഡാലസ് യു.ടി.ഡി.യില്‍ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിലുള്ള കോമഡി സ്‌കിറ്റ് എന്നിവ ആഘോഷ ചടങ്ങുകള്‍ക്ക് മികവേകി. സുനു മാത്യു, സുജന്‍ കാക്കനാട്, തോമസ് എബ്രഹാം, മനോജ് ഐക്കരേത്ത്, ബിനോ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്യാരി എബ്രഹാം എം.സി യായി പ്രവര്‍ത്തിച്ചു.