ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പത്താമത് ബാസ്‌ക്കറ്റ് ബാള്‍ ടൂര്‍ണമെന്റില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ടീം 1ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. ഫൈനലില്‍ സേക്രട്ട് ഹാര്‍ട്ട് – സെന്റ് മേരീസ് ക്‌നാനായ ടീമിനെയാണ് അവര്‍ തോല്‍പിച്ചത്. ഈ വര്‍ഷം 13 ടീമുകള്‍ മത്സരിക്കാനുണ്ടായിരുന്നു. ഷിക്കാഗോയിലെ യുവജനങ്ങളെ ആവേശഭരിതരാക്കിയ മത്സരങ്ങള്‍ കാണുവാന്‍ ആയിരിക്കണക്കിന് കാണികളാണ് കോര്‍ട്ടിലും, പരിസരങ്ങളുമായി തിങ്ങി കൂടിയത്. ചെയര്‍മാന്‍ റവ. ഫാ. ബാബു മഠത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനയോടെ ആദ്യബോള്‍ എറിഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജോര്‍ജും പണിക്കര്‍ കളിയുടെ നിയമങ്ങളെപ്പറ്റിയും, വ്യവസ്ഥകളെപ്പറ്റിയും വിശദീകരിച്ചു. കോ കണ്‍വീനര്‍ ജോജോ ജോര്‍ജ് എല്ലാ ടീം ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തി.
സമാപന ചടങ്ങില്‍ വെരി. റവ. കോശി പൂവത്തൂര്‍ കോര്‍ എപ്പിസ്‌കോപ്പാ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, എക്യുമെനിക്കല്‍ പ്രസിഡന്റ് റവ. എബ്രഹാം സ്‌കറിയ ജേതാക്കള്‍ക്ക് സമ്മാനിച്ചു. പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫി പ്രവീണിന്റെ മാതാവ് ലൗവ്‌ലി വര്‍ഗീസ് നല്‍കി. എന്‍.എന്‍. പണിക്കര്‍ മെമ്മോറിയല്‍ ട്രോഫി ക്‌നാനായ ടീമിന് ചെയര്‍മാന്‍ റവ. ഫാ. ബാബു മഠത്തിപ്പറമ്പില്‍ സമ്മാനിച്ചു. എം.വി.പി ആയി തെരഞ്ഞെടുക്കപ്പെട്ട ജോവിനും പ്രത്യേക ട്രോഫി സമ്മാനിച്ചു. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ച ചെയര്‍മാന്‍ റവ. ഫാ. ബാബു മഠത്തിപ്പറമ്പില്‍, കണ്‍വീനര്‍ ജോര്‍ജ് പണിക്കര്‍, കോ കണ്‍വീനര്‍ ജോജോ ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പ്രവീണ്‍ തോമസ്,സജി കുരിയന്‍, രഞ്ജന്‍ എബ്രഹാം, ആന്റോ കവലക്കല്‍, മാത്യു മാപ്ലേട്ട് എന്നിവരെ പ്രസിഡന്റ് റവ. ഫാ. എബ്രഹാം സ്‌കറിയ അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് റവ. ഫാ. സജീവ് മാത്യൂസ്, റവ. ഫാ. ഡാനിയേല്‍ ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.
മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായും റവ. എബ്രഹാം സ്‌കറിയ (പ്രസിഡന്റ്), റവ. ഫാ. മാത്യൂസ് ാേര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ വര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.