ഷിക്കാഗോ: ഷിക്കാഗോയിലെ അയ്യപ്പഭക്തരുടെ ചിരകാലാഭിലാഷം പൂവണിയിച്ചു കൊണ്ട്, അയ്യപ്പ സേവാസംഘം ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനഫലമായി, ശരണ മന്ത്രങ്ങളാല്‍ പ്രാര്‍ത്ഥനാമുഖരിതമാകുന്ന അന്തരീക്ഷത്തില്‍ ജനുവരി 20, 21 തീയതികളില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കുന്നു.
മഹാഗണപതി ഹോമത്തോടെ ജനുവരി 20 ന് ആരംഭിക്കുന്ന പൂജാകര്‍മ്മങ്ങള്‍ രണ്ട് ദിവസങ്ങള്‍ നീണ്ടു നില്‍ക്കും. മുഖ്യകാര്‍മ്മി ശ്യാംകുമാര്‍ ഭട്ടതരിപ്പാട്, ഗുരുസ്വാമി ചന്ദാ നടരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പൂജാകര്‍മ്മങ്ങള്‍ നടക്കുക. ജനുവരി 21 ഞായറാഴ്ചയാണ് പ്രധാന പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടക്കുക.
ഇപ്പോള്‍ താല്‍ക്കാലിക ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന അയ്യപ്പസ്വാമി ക്ഷേത്രം താമസിയാതെ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി, കേരള ക്ഷേത്ര ശാസ്ത്രത്തിലും, പാരമ്പര്യത്തിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായ ഒരു ക്ഷേത്രം നിര്‍മ്മിക്കുവാനും, സ്ഥിര പൂജകള്‍ തുടങ്ങുവാനും കഴിയുമെന്നാണ് ഭക്തരുടെ പ്രത്യാശ. പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കുവാനും അയ്യപ്പസ്വാമിയുടെ അനുഗ്രഹം നേടുവാനും എല്ലാ ഭക്തജനങ്ങളെയും അയ്യപ്പസേവാസംഘം ക്ഷണിച്ചു.