ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ കേരളീയ ശൈലിയില്‍ പിറവി കൊണ്ട ക്ഷേത്രമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാന്‍ തയാറെടുക്കുന്നു .ഭക്തജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണം സാധ്യമാക്കിക്കൊണ്ട് ശിവ പ്രതിഷ്ഠ യാഥാര്‍ഥ്യമാകുന്നു .തന്ത്രി ബ്രഹ്മ ശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശാനുസരണം ഏപ്രില്‍ 26 നു പ്രതിഷ്ഠാ കര്‍മം നടത്തുവാന്‍ തീരുമാനിച്ചതായി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ശ്രീ ബിജു പിള്ള അറിയിച്ചു .
അതിനു മുന്നോടിയായുള്ള പാദുക സ്ഥാപന ചടങ്ങുകള്‍ ജനുവരി 27 രാവിലെ എട്ടിന് ആരംഭിക്കും . ഈ ചടങ്ങുകളോടെ പ്രതിഷ്ഠ കര്‍മ്മത്തിനു ശുഭാരംഭം കുറിക്കപ്പെടും . ശിവ പ്രതിഷ്ഠാ കര്‍മവുമായി ബന്ധപ്പെട്ട പൂജാദി കര്‍മങ്ങള്‍ ഭക്ത ജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് .
ഗണപതി ,അയ്യപ്പന്‍ ,ഭഗവതി എന്നീ പ്രതിഷ്ഠകളൊടൊപ്പം മഹാദേവ സന്നിധി എന്ന ഭക്ത ജനങ്ങളുടെ ചിരകാല ആഗ്രഹം സഫലമാകുന്ന വേളയില്‍ ഭക്ത ജന സാന്നിധ്യ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു .