ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബിന്റെ ചിക്കാഗോയില്‍ നടക്കുന്ന ആറാമത്‌ കോണ്‍ഫറന്‍സില്‍ വച്ച്‌ പുതിയ പ്രസിഡന്റായി ശിവന്‍ മുഹമ്മ (കൈരളി ടിവിഝ) അധികാരമേല്‍ക്കുമ്പോള്‍ തുടര്‍ച്ചയായി സ്‌പോണ്‍സറായതിന്റെ റിക്കാര്‍ഡ്‌ തിളക്കവും ഒപ്പമുണ്ട്‌. കഴിഞ്ഞ അഞ്ചു കോണ്‍ഫറന്‍സുകള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ്‌ നല്‍കിയ ഇന്ത്യ പ്രസ്‌ക്ലബ്‌ അംഗം എന്ന ബഹുമതിയും ശിവന്‌ മാത്രം അവകാശപ്പെട്ടതാണ്‌.

അമേരിക്കന്‍ മലയാളികള്‍ക്ക്‌ അറിയാവുന്ന ഒരു മുഖമാണ്‌ ശിവന്റേത്‌. പ്രവാസി ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകള്‍ കൈരളി ടിവി പതിറ്റാണ്ടിനു മുമ്പ്‌ സംപ്രേഷണം ചെയ്‌തു തുടങ്ങിയപ്പോള്‍ ആ വാര്‍ത്തകള്‍ വായിച്ചിരുന്നത്‌ ശിവനായിരുന്നു. അമേരിക്കന്‍ മലയാളികളെ നാട്ടിലേയും ഇവിടുത്തേയും സ്വീകരണ മുറികളിലെത്തിച്ച തുടക്കക്കാരിലൊരാള്‍ എന്ന വിശേഷണം യോജിക്കുന്ന ശിവന്‍ നല്ലൊരു ന്യൂസ്‌ റീഡര്‍ എന്നതിനൊപ്പം എഴുത്തുകാരനുംകൂടിയാണ്‌. 2001 മുതല്‍ ചിക്കാഗോയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന കേരളാ എക്‌സ്‌പ്രസില്‍ എഴുതുന്നു.

വാര്‍ത്താവിതരണത്തിന്‌ സാങ്കേതികമുന്നേറ്റം നല്‍കിയെന്നതിലും ശിവന്‍ മുഹമ്മയ്‌ക്ക്‌ അഭിമാനിക്കാം. ആദ്യകാലത്ത്‌ അമേരിക്കന്‍ മലയാളികളുടെ വാര്‍ത്താദൃശ്യങ്ങള്‍ വീഡിയോ കാസറ്റിലാക്കി നാട്ടിലേക്ക്‌ കൊടുത്തയയ്‌ക്കുകയായിരുന്നു പതിവ്‌. എയര്‍പോര്‍ട്ടുകളില്‍ ചെന്ന്‌ അതിനു പറ്റിയ യാത്രക്കാരെ കണ്ടെത്തികയൊക്കെ ഇത്തിരി വിഷമംപിടിച്ച പണിയായിരുന്നു. ഈ രീതിക്ക്‌ മാറ്റംവരുത്തി ഓണ്‍ലൈന്‍ ഡെലിവറിയായി വാര്‍ത്തകള്‍ അയച്ച്‌ സംപ്രേഷണം വേഗത്തിലാക്കാന്‍ ശിവന്‍ പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്‌തു. ഇന്ന്‌ ലൈവായി അമേരിക്കയില്‍ നടക്കുന്ന പല കാര്യങ്ങളും കൈരളി ടിവി പ്രക്ഷേപണം ചെയ്യുന്നതിന്‌ അടിസ്ഥാനമിട്ടത്‌ ശിവനായിരുന്നു. ബരാക്‌ ഒബാമ രണ്ടുവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന തത്സമയ വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ കൈരളി ടിവിയ്‌ക്ക്‌ കഴിഞ്ഞതില്‍വരെ ഈ വിജയനേര്‍രേഖ നീളുന്നു.

കൈരളി ടിവി യു.എസ്‌.എയുടെ ഡയറക്‌ടര്‍മാരില്‍ ഒരാളായിരുന്ന ശിവന്‍ 2004-ല്‍ കൈരളി ടിവി വീക്ക്‌ലി നൂസ്‌ റൗണ്ടപ്പ്‌ തുടങ്ങിയപ്പോള്‍ അതിന്റെ ചുമതലക്കാരനായിരുന്നു. ഇപ്പോള്‍ കൈരളി ടിവി പ്രതിനിധിയായി എല്ലാ പരിപാടികളുടേയും മേല്‍നോട്ടം വഹിക്കുന്നു. ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, മാര്‍ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ എന്നിവരുമായി ശിവന്‍ നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

പ്രോഗ്രാം അനലിസ്റ്റായി ജോലി നോക്കിയിരുന്ന ശിവന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റാണ്‌. നിയമ വിദ്യാര്‍ത്ഥിയുമാണ്‌.

ഇന്ത്യാ പ്രസ്‌ക്ലബിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി 2009 മുതല്‍ 2011 വരെ പ്രവര്‍ത്തിച്ചു. ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റുമായിരുന്നു.