വാഷിംങ്ടണ്‍: ലാസ് വേഗാസ് കൂട്ടക്കൊലയുടെ ആഘാതത്തില്‍ നടുക്കം വിട്ടുമാറാതെ ജനങ്ങള്‍ തരിച്ചിരിക്കുമ്പോള്‍ യുഎസിലെ ആയുധ നിയന്ത്രണ നിയമം കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍-അമേരിക്കന്‍ എംപിമാര്‍ രംഗത്ത്.
യന്ത്ര തോക്കുകള്‍കോണ്ട് 60 പേരുടെ ജീവനെടുത്ത കൊലയാളി അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രക്തപ്പുഴയൊഴുക്കിയതിനുശേഷമാണ് സ്വയം വെടിവെച്ചു ജീവനൊടുക്കിയത്. കൊലയാളിയെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ച ഘടകങ്ങളെന്ത് എന്നതുസംബന്ധിച്ച് അമേരിക്കന്‍ കുറ്റാന്വേഷകര്‍ അന്വേഷിക്കുന്നതിനിടയില്‍ യുഎസിലെ നിയന്ത്രാണാതീതമായ ആയുധ ഉപയോഗം വീണ്ടും വിവിധ വിഭാഗം ജനങ്ങള്‍ ഭയാശങ്കളോടെയാണ് ചര്‍ച്ചചെയ്യുന്നത്.
തോക്കുകള്‍ ഉപയോഗിച്ചുള്ള അത്രിക്രമങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്നത് പൊതുജീവിതത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആയിരക്കണക്കിനു പേരുടെ മാനസീകാരോഗ്യത്തെ പോലും പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഈ അരക്ഷിതാവസ്ഥ ഇല്ലാതാക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അടിയന്തരമായി വേണ്ടത് ചെയ്യുമെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി.
പ്രതിനിധി സഭയ്ക്ക് ഇക്കാര്യത്തില്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് പാര്‍ലമെന്റ് അംഗം പ്രമീള ജയപാല്‍ അറിയിച്ചു. തോക്കുപയോഗിച്ചുള്ള ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധിപേരാണ് യുഎസില്‍ കൊല്ലപ്പെടുന്നത്. എന്നിട്ടും തോക്കുലോബികളുടെ സമ്മര്‍ദ്ദവും ലാഭക്കൊതിയും നിമിത്തം ആര്‍ക്കും തോക്കുകള്‍ വാങ്ങി ഉപയോഗിക്കാം എന്ന സാഹചര്യം ശക്തിപ്പെട്ടുവരികയാണ്. ആയുധങ്ങളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന അതിക്രമങ്ങളിലും രക്തച്ചൊരിച്ചിലിലും ജനങ്ങള്‍ രോഷാകുലരാണ്.
ലാസ് വേദഗാസിലെ കൂട്ടക്കൊലയ്ക്കു ശേഷം ചേര്‍ന്ന അടിയന്തര പ്രതിനിധി സഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍-അമേരിക്കന്‍ പ്രതിനിധിയായ പ്രമീള ജയപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ആയുധം കൊണ്ടു നടക്കാനുള്ള അവകാശം സ്ഥാപിച്ച നമ്മുടെ പൂര്‍വ്വികര്‍ എന്താണോ അര്‍ഥമാക്കിയത് അതിന് വിപരീതമായ കാര്യങ്ങളാണ് നടക്കുന്നത്. ഇന്നത്തെ ഭീഷണമായ സാഹചര്യത്തില്‍ ആയുധ നിയന്ത്രണ നിയമം പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്ന് പ്രമീള ചൂണ്ടിക്കാട്ടി. തോക്കു വില്‍പന നിയമത്തില്‍ ഒട്ടനവധി പഴുതുകള്‍ നിലനില്‍ക്കുന്നു. കുട്ടികള്‍ക്കും മറ്റും കടുത്ത മാനസീകാഘാതം ഉണ്ടാക്കുമെന്നതിനാല്‍ അവര്‍ക്ക് തോക്കു ലഭിക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകേണ്ടിയിരിക്കുന്നു.
വാങ്ങുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചുവേണം തോക്കുകള്‍ വില്‍ക്കാനെന്ന നിര്‍ദ്ദേശം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ 87ശതമാനം തോക്കുവില്‍പ്പനക്കാരും 74 ശതമാനം അമേരിക്കയിലുള്ള വിദേശികളും അനുകൂലാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തോക്കുകള്‍ വാങ്ങാനെത്തുന്ന വിദേശികളോടും തദ്ദേശിയരായവരോടും തോക്കുകളുടെ ദുരുപയോഗം ഇല്ലായ്മ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് തോക്കു വ്യാപാരികളോട് പ്രമീള അഭ്യര്‍ഥിച്ചു. 60 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറില്‍പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതുപോലുള്ള സംഭവം ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഇനി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
2017ല്‍ ഇതുവരെ നടന്ന 273 കൂട്ട വെടിവെപ്പുകളില്‍ 12,000 അമേരിക്കക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഇത്തരം സംഭവങ്ങളുടെ രേഖകള്‍ സൂക്ഷിക്കുന്ന ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വ്യക്തമാക്കി. പ്രതിദിനം 90 അമേരിക്കക്കാര്‍ക്കെങ്കിലും തോക്കുകൊണ്ട് സ്വന്തം ജീവന്‍ നഷ്ടമാകുന്നു.
പ്രതിനിധി സഭയിലെ ഇതര ഇന്ത്യന്‍ പ്രതിനിധികളും പ്രമീളയുടെ ആവശ്യങ്ങളെ പിന്തുണച്ചു. ഏതുനിമിഷവും ആക്രമിക്കപ്പെടുമെന്ന ഭയത്തോടുകൂടിയാണ് ഏതു വിഭാഗം ജനങ്ങളും ഇന്ന് സിനിമയ്‌ക്കോ, സംഗീത പരിപാടികള്‍ക്കോ, പാര്‍ക്കിലോ ഒക്കെ പോകുന്നതെന്ന് കലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി അമി ബേര പറഞ്ഞു.
ഇല്ലിനോയ്‌സ് ജില്ലയില്‍ നിന്നുള്ള ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗം രാജകൃഷ്ണമൂര്‍ത്തി കലിഫോര്‍ണിയ 17ാമത് ജില്ലാ കോണ്‍ഗ്രസ് മാന്‍ ആര്‍.ഒ ഖന്ന എന്നിവരും സായുധ അക്രമങ്ങള്‍ അവസാിനിപ്പിക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. തോക്കുകള്‍ക്ക് ആധിപത്യം നല്‍കുന്ന നിയമത്തിനെതിരെ അമേരിക്കയിലെ യുനൈറ്റഡ് സിഖ്‌സ് എന്ന സംഘടനയും രംഗത്തു വന്നു. ലാസ് വേഗാസില്‍ കൂട്ടക്കൊലയ്ക്കിരയായവര്‍ക്ക് സിഖ് സമൂഹം ആശ്വാസമെത്തിക്കുന്നുണ്ട്. സിഖ് ടാക്‌സി ഡ്രൈവര്‍മാര്‍ ദുരന്തത്തിനിരയായവരെ സുരക്ഷിതമായി അവരവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.