ഷിക്കാഗോ: ഇന്ത്യയുടെ 69-ാം മത് റിപ്പബ്ലിക്ക് ദിനത്തില്‍ ഇല്ലിനോയിയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുക്ക് കൗണ്ടി ട്രഷററുടെ വക പ്രത്യേക ആദരം ലഭിച്ചു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക അംഗീകാരം ട്രഷറര്‍ മരിയ പപ്പാസ് നല്‍കി. ജനുവരി 26ന് ട്രഷററുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബീനാ വള്ളിക്കളം, എഡ്യുക്കേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ മാത്യു, മെമ്പര്‍ സൂസന്‍ ഇടമല എന്നിവര്‍ പങ്കെടുത്തു.
നഴ്‌സിംഗ് പ്രൊഫഷനെ താന്‍ ഏറ്റവും ബഹുമാനിക്കുന്നുവെന്നും അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സാന്നിദ്ധ്യവും സേവനസന്നദ്ധതയും അംഗീകരിക്കുന്നതായും ട്രഷറര്‍ മരിയ പപ്പാസ് പറഞ്ഞു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച അവര്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കുക്ക് കൗണ്ടിയുടേതായ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
അസോസിയേഷനു നല്‍കിയ ഈ അംഗീകാരത്തിന് പ്രസിഡന്റ് ബീനാ വള്ളിക്കളം നന്ദി അറിയിച്ചു. സമൂഹത്തിന് ഉപകാരപ്രദമായ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനായി ഇത്തരം അവസരങ്ങള്‍ പ്രചോദനകരമാകുന്നുവെന്നും ഈ അംഗീകാരം അസോസിയേഷനിലെ എല്ലാ അംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ബീനാ പറഞ്ഞു.