ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തില്‍, കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിതമായ ന്യൂയോര്‍ക്ക് മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധന്റെ 332-ാമത് ഓര്‍മ്മപ്പെരുന്നാള്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ആഘോഷിക്കുന്നു. അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി യല്‍ദോ ബാവായുടെ ഓര്‍മ്മപെരുന്നാളിന്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും. സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകിട്ട് 6.30-ന് പതാക ഉയര്‍ത്തപ്പെടുന്നതും, 6.45 ന് നടത്തുന്ന സന്ധ്യാ പ്രാര്‍ഥനക്കുശേഷം 7.45 ന് വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

രാത്രി 8.00 മണിക്ക് Rev.Fr. Jose Parathodathil നടത്തുന്ന വചനശുശ്രൂഷക്ക് ശേഷം 9.00 മണിക്ക് ഡിന്നറോടുകൂടി ശനിയാഴ്ചത്തെ ശുശ്രൂഷകള്‍ അവസാനിക്കും. ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 8.45 ന് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചു ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയെ ഇടവക വികാരി റവ. ഫാദര്‍ രാജന്‍ പീറ്ററിന്‍റെയും വന്ദ്യ ഐസക് പൈലി കോര്‍ എപ്പിസ്‌­കോപ്പയുടെയും മറ്റു വന്ദ്യ വൈദീകരുടെയും, ശെമ്മാശന്മാരുടെയും നേതൃത്വത്തില്‍ ഇടവക ജനങ്ങളും ചേര്‍ന്ന് ഭക്ത്യാദരപൂര്‍വ്വം വിശുദ്ധ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നതായിരിക്കും. തുടര്‍ന്ന് 9.30ന് പ്രഭാത നമസ്കാരവും, 9.45നു അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നതാണ്.

തുടര്‍ന്ന് നടക്കുന്ന പ്രദിക്ഷണത്തിനു ശേഷം, വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് മുത്തുന്നതിനായിട്ടുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് 12.00 മണിക്ക് ആശീര്‍വാദത്തെത്തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും. പെരുന്നാള്‍ ഏറ്റവും സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്തു കഴിഞ്ഞു. മഹാ പരിശുദ്ധനായ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലേക്ക് വിശ്വാസികളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തുകൊള്ളുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.