ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ ജനുവരി 24 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് മൂന്ന് നോമ്പാചരണ പ്രാര്‍ത്ഥനയും പുറത്ത് നമസ്കാര കര്‍മ്മങ്ങളും നടത്തപ്പെട്ടു. സേക്രട്ട് ഹാര്‍ട്ട് ഫോറാന വികാരി.റവ.ഫാ എബ്രാഹം മുത്തോലത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു .റവ .ഫാ ബോബന്‍ വട്ടം പുറത്ത് സഹകാര്‍മമികനായിരുന്നു. ധാരാളം ജനങ്ങള്‍ പങ്കെടുത്ത ഈ പുറത്തു നമസ്കാര ചടങ്ങുകളുടെ പ്രസുദേന്തിമാര്‍ കടുത്തുരുത്തി ഇടവകയില്‍ നിന്നുള്ളവരായിരുന്നു.കടുത്തുരുത്തി പളളിയിലെ കരിങ്കല്‍ കുരിശിനെ അനുസ്മരിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ 53 ചുറ്റുവിളക്കോടെ നിര്‍മമിച്ച കരിങ്കല്‍ കുരിശിന് ചുറ്റും ജനങ്ങള്‍ എണ്ണ ഒഴിച്ച് പ്രര്‍ത്ഥിക്കുകയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കയും ചെയ്യുതു . ക്‌നാനായക്കാര്‍ തങ്ങളുടെ തലപ്പള്ളിയായി പരിഗണിച്ചു പോരുന്ന കടുത്തുരുത്തി വലിയ പള്ളിയില്‍ പതിനാറരകോല്‍ പൊക്കമുള്ള ഭാരതത്തിലെ ഏറ്റവും വലിയ കരിങ്കല്‍ കുരിശായ കടുത്തുരുത്തിയിലെ കരിങ്കല്‍ കുരിശ് 1596 ല്‍ സ്ഥാപിച്ചു ഈ കുരിശിങ്കല്‍ പ്രാര്‍ത്ഥിക്കുവാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനുമായി ജാതി മതഭേദമന്യേ ധാരാളം ജനങ്ങള്‍ വന്ന് കുരിശിനെവന്ദിച്ച് ചുറ്റുവിളക്ക് കത്തിക്കുകയും ചെയ്യുന്നു.

കടുത്തുരുത്തി വലിയ പള്ളിയിയിലെ അതി പുരാതനകാലം മുതല്‍ക്കെയുള്ള പ്രധാനതിരുനാളായ മൂന്നുനോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ വച്ച് പരമ്പരാഗതമായി നടന്നുവരുന്ന ഒരു സമൂഹ പ്രാര്‍ത്ഥനയാണ് പുറത്തുനമസ്ക്കാരം. ഭക്തി നിര്‍ഭരവും പ്രാര്‍ത്ഥനാസമ്പുഷ്ടവുമായ ഈ ഭക്താനുഷ്ഠാനത്തില്‍ സംബന്ധിക്കുവാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ധാരാളം ആളുകള്‍ വന്നെത്താറുണ്ട് . കടുത്തുരുത്തി വലിയ പള്ളിയില്‍ മാത്രം കാണുന്ന സായാഹ്നപ്രാത്ഥനയെന്നും വിളിക്കപ്പെടുന്ന ഈ പുറത്തുനമസ്ക്കാരം കുരിശടിയിലേക്ക് തിരികള്‍ കത്തിച്ച് പ്രദക്ഷിണമായി പോയി, അഉ 345 ലെ കുടിയേറ്റയാത്രയില്‍ മരിച്ച് കടലില്‍ സംസ്ക്കരിക്കപ്പെട്ട പൂര്‍വ്വികരെ അനുസ്മരിച്ച് കടലിന്നഭിമുഖമായി നിന്ന് വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്ന പാരമ്പര്യമാണ് ഇതിന്റെ അടിസ്ഥാനം. താത്കാലികമായി സെ.മേരീസില്‍ ഈ കല്‍കുരിശ് നിര്‍മ്മിക്കുവാന്‍ നേതൃത്വം നല്കിയത് മത്തച്ചന്‍ ചെമ്മാച്ചേലാണ് . അനില്‍ മറ്റത്തിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ദേവാലയ ഗായകസംഘം ആത്മീയ ചൈതന്യം ഉണര്‍ത്തുന്ന കീര്‍ത്തനങ്ങളാല്‍ കര്‍മ്മങ്ങള്‍ കൂടുതല്‍ സജീവമാക്കി. സമാപനം സ്‌നേഹ വിരുന്നോടെയായിരുന്നു കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി സിബി കൈതക്ക തൊട്ടിയില്‍ പോള്‍സണ്‍ കുളങ്ങര, റ്റോണി കിഴക്കേക്കുറ്റ് എന്നിവരോടെപ്പം കടുത്തുരുത്തി ഇടവകാഗംങ്ങളും ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ട ക്രമികരണങ്ങള്‍ ഒരുക്കി. സ്റ്റീഫന്‍ ചെളളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.