ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇത്തവണ വൈറ്റ് ക്രിസ്മസിന്റെ കുളിര് അരിച്ചിറങ്ങുകയാണ്. മിഡ്‌വൈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ ഹിമക്കാറ്റ് റിക്കാര്‍ഡ് മഞ്ഞുവീഴ്ചയാണ് പലയിടത്തും സമ്മാനിച്ചിരിക്കുന്നത്. ബോസ്റ്റണ്‍ മെട്രോ മേഖലയില്‍ ഒരു മണിക്കൂറില്‍ ഒരിഞ്ച് കനത്തിലാണ് മഞ്ഞ് ചെയ്തിറങ്ങിയത്. തിങ്കളാഴ്ച അമേരിക്കയിലെമ്പാടുമായി നൂറ്റമ്പതിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയും, 2700 ഓളം വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു.
ബോസ്റ്റണിലെ ലോഗാന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും, മറ്റു ചിലത് യാത്ര വൈകിപ്പിക്കുകയും ചെയ്തു. ഷിക്കാഗോയില്‍ മൂന്നിഞ്ച് കനത്തില്‍ മഞ്ഞ് ചെയ്തിറങ്ങി. നെബ്രാസ്‌ക, മിസൗറി, മിഷിഗണ്‍ എന്നിവിടങ്ങളിലും കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെട്ടു. നോര്‍ത്തേണ്‍ ഇന്ത്യാനയില്‍ ഡ്രൈവിംഗ് ദുഷികരമാണെന്ന് പോലീസ് അറിയിച്ചു.
ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് സിറ്റി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ 40 – 55 മേല്‍ വേഗതയില്‍ ഹിമക്കാറ്റ് വീശിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സതേണ്‍ ന്യൂയോര്‍ക്ക്, കണക്റ്റിക്കട്ട്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ റോഡുകളില്‍ തെന്നല്‍ സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതുവര്‍ഷപ്പിറവി ഇപ്പോഴത്തെ അതിശൈത്യവും, മഞ്ഞുവീഴ്ചയും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നു.