ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി മാര്‍ ജോയ് ആലപ്പാട്ട് അഭിഷിക്തനായതിന്റെ മൂന്നാം വാര്‍ഷികവും, അദ്ദേഹത്തിന്റെ ജന്മദിനവും ആഘോഷിച്ചു. ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന വി. കുര്‍ബാനയോടനുബന്ധിച്ചാണ് ആഘോഷങ്ങള്‍ നടത്തിയത്.
മാര്‍ ജോയ് ആലപ്പാട്ട് വി. കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈദികന്‍ എന്ന നിലയിലും, ഇപ്പോള്‍ സഹായ മെത്രാന്‍ എന്ന നിലയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവക സമൂഹം നല്‍കുന്ന സഹകരണത്തിനും പ്രാര്‍ഥനകള്‍ക്കും മാര്‍ ജോയ് ആലപ്പാട്ട് നന്ദി പറഞ്ഞു. രൂപതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ തുടങ്ങി ഏഴു വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.
ഇടവക സമൂഹത്തിനു വേണ്ടി കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട ്എന്നിവര്‍ ബൊക്കെ നല്‍കി മാര്‍ ജോയ് ആലപ്പാട്ടിനെ ആദരിച്ചു. റെക്ടറിയില്‍ എല്ലാവരും ഒത്തുകൂടി കേക്കുമുറിച്ച് ജന്മദിനത്തിന്റെ മധുരം പങ്കുവച്ചു.