ന്യൂയോര്‍ക്ക്: വിശുദ്ധ തോമാസ്ലീഹാ ക്രിസ്തുദൗത്യവുമായി ഭാരതത്തില്‍ വന്നത് ഓര്‍ത്ത് സഭക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ഡിസംബര്‍ 21ന് സഭാ ദിനമായി വേര്‍തിരിച്ചിരിക്കുന്നു. അന്നേ ദിവസം മാര്‍ത്തോമാ സഭയുടെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും കഴിയുമെങ്കില്‍ വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷകളും, സമീപ ഇടവകകളുമായി സഹകരിച്ചു പ്രത്യേക സമ്മേളനങ്ങളും ക്രമീകരിക്കണമെന്ന് മാര്‍ത്തോമാ സഭാ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത ഉദ്‌ബോധിപ്പിച്ചു. ‘എന്റെ കര്‍ത്താവും, എന്റെ ദൈവവുമേ’ എന്ന ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിനു മുമ്പില്‍ വിശ്വാസം ഏറ്റു പറഞ്ഞു വിശുദ്ധ തോമസ് അപ്പോസ്തലനെപ്പോലെ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനും, ദൈവഹിതം നിവര്‍ത്തിക്കുന്നതിനും പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ ഓരോ സഭാംഗങ്ങള്‍ക്കും കഴിയട്ടെ എന്ന് തിരുമേനി ആശംസിച്ചു. അന്നേദിവസം ലഭിക്കുന്ന പ്രത്യേക സ്‌തോത്രകാഴ്ച സെന്റ് തോമസ് എപ്പിസ്‌ക്കോപ്പല്‍ ഫണ്ടിലേക്ക് വേര്‍തിരിച്ചിരിക്കുന്നതിനാല്‍ സഭാ ആഫീസിലേക്ക് താമസം വിനാ അയച്ചു കൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിക്കും ഉപ്പും ലോകത്തിനു വെളിച്ചവും ആയിരിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്ന സഭ ക്രിസ്തീയ സാക്ഷ്യത്തില്‍ പുരോഗമിക്കുവാന്‍ ദൈവഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കേണ്ടതാണെന്നും തിരുമേനി ഓര്‍മ്മിപ്പിച്ചു.