ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കുടുംബ മേളയുടെ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആദ്യ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ വച്ച് വിശുദ്ധ കുര്‍ബാനാന്തരം ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തി.
പ്രഥമ രജിസ്‌ട്രേഷന്‍ ഇടവക വികാരി ഫാ. ജേക്കബ് ഗീവര്‍ഗീസ് ചാലിശ്ശേരിക്ക് നല്‍കി. തുടര്‍ന്ന് ഷെവ. ജോണ്‍ ടി മത്തായി തുടങ്ങി നിരവധി കുടുബാംഗങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. ഫാ. ജോസ് ഡാനിയേല്‍, നവ വൈദികന്‍ ഫാ. വിവേക് അലക്‌സ് എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
രജിസ്‌ട്രേഷന്റെ മുന്നോടിയായി കുടുംബമേള നടത്തുന്ന പ്രദേശത്തെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷന്‍ ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കൂടുതല്‍ കുടുംബങ്ങളെ ഈ വര്‍ഷം പ്രീതീക്ഷിക്കുന്നതായും മെത്രാപ്പോലീത്താ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
പെന്‍സില്‍വേനിയയിലെ പ്രകൃതിരമണീയമായ പോക്കണോസിനോടടുത്തുള്ള കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് ജൂലൈ 25 മുതല്‍ 28 വരെയാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കൗണ്‍സില്‍ മെംബര്‍ ജീമോന്‍ ജോര്‍ജ് അറിയിച്ചു. കണ്‍വന്‍ഷനിലെ വിവിധ സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ച് ഭദ്രാസന ട്രഷറര്‍ ബോബി കുരിയാക്കോസ് വിവരിച്ചു.