ഡാളസ്സ്: ഇന്ത്യയുടെ 69-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ഡാളസ്സില്‍ ആഘോഷിച്ചു. മാഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് സംഘടിപ്പിച്ച ആഘോഷങ്ങളില്‍ ഡാളസ്സ് ഫോര്‍ട്ട് മെട്രോപ്ലെക്‌സില്‍ നിന്നും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്ന സമ്മേളനത്തില്‍ എം ജി എം റ്റി ചെയര്‍മാന്‍ ഡോ പ്രസാദ് തോട്ടക്കുറ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഗാനാലാപനത്തോടെ തുടക്കമിട്ട ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ സംഘടന സെക്രട്ടറി റാവുകല്‍വാല സ്വാഗതം ചെയ്തു. അറുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന, മറ്റ് മതങ്ങള്‍ക്ക് അവരുടേതായ വിശുദ്ധ ഗ്രന്ഥങ്ങള്‍ പോലെ ഇന്ത്യന്‍ വിശുദ്ധ ഗ്രന്ഥമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ഓരോ ഭാരതീയനും പ്രതിജ്ഞാബന്ധമാണെന്നും ഡോ തോട്ടക്കുറ അദ്ധ്യക്ഷത പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവെന്ന് അറിയപ്പെടുന്ന ഡോ അംബേദ്ക്കര്‍, ഇന്ത്യന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ ജീവിത മാതൃകയെ കുറിച്ച് തലമുറകളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും തോട്ടക്കുറ പറഞ്ഞു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായ കമാല്‍, ശബ്‌നം, ശ്യാം പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ പതാകയുമേന്തി നടത്തിയ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.