ഡാലസ്∙ മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി മഹാമണ്ഡല പൂജ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമശാസ്താ സന്നിധിയിൽ ഞായറാഴ്ച നടന്നു. അതിരാവിലെ സ്പിരിച്വൽ ഹാളിൽ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക് തുടക്കം കുറിച്ചു.

വ്രതാനുഷ്ഠാനങ്ങളോടെ മുദ്ര മാല അണിഞ്ഞ അനേകം അയ്യപ്പന്മാരും മാളികപ്പുറങ്ങളും ശരണം വിളികളോടെ ഇരുമുടികെട്ടുകൾ നിറച്ചു. ശരണം വിളികളാലും, അയ്യപ്പ ഭജനകളാലും, ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഇരുമുടി കെട്ടുകൾ ഗുരുസ്വാമി സോമൻനായർ, എല്ലാവരുടെയും ശിരസ്സിലേറ്റികൊടുത്തു. മറ്റുള്ള ഗുരുസ്വാമിമാരായ, ഹരിദാസൻ പിള്ളയും, ഉണ്ണിനായരും തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നൽകി. ഡോക്ടർ വിശ്വനാഥ കുറുപ്പ്, ഭക്താദരവുപൂർവം തിരുവാഭരണപെട്ടി ശിരസ്സിലേറ്റി, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ എത്തിച്ചു. അമിതമായ തണുപ്പത്തും മേൽവസ്ത്രങ്ങൾ ഒന്നുമില്ലാതെ, ശ്രീഭൂതനാഥനെ ഉള്ളിലാവാഹിച്ചു. ശരണം വിളികളാൽ ആന്തരിക അഗ്നിയെ ജ്വലിപ്പിച്ചുകൊണ്ട് ശരണാഘോഷയാത്രയിൽ പലരും പങ്കെടുത്തു.

വിവിധ ദ്രവ്യങ്ങൾ നിറച്ച കലശങ്ങൾ, ക്ഷേത്ര പൂജാരി നീലമന വിനയൻ തിരുമേനി പൂജിച്ച്, മണികണ്ഠസ്വാമിയെ അഭിഷേകം ചെയ്തു. അതിബൃഹത്തായ പൂജാദികർമങ്ങളിൽ ഇരിഞ്ഞാടപ്പള്ളി പദ്മനാഭൻ തിരുമേനി, ബിനീഷ് തിരുമേനി, വിനേഷ് തിരുമേനി എന്നിവരും പങ്കുചേർന്നു. വ്രതാനുഷ്ഠാനങ്ങളോട് മുദ്രമാല അണിയുമ്പോൾ, ഭക്തരും, ഭഗവാനും ഒന്നായിത്തീരുന്നു എന്ന തത്വം, അയ്യപ്പ ചൈതന്യത്തിലേക്ക് അനേകം ഭക്തരെ

ആകർഷിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടാണ്, ഓരോ വർഷം കൂടുന്തോറും ഇരുമുടി കെട്ടെടുക്കുന്ന അയ്യപ്പൻമാരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുവെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രൻ നായർ അഭിപ്രായപ്പെട്ടു.

അടുത്തവർഷം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധാനത്തിൽ, എത്തിച്ചേരാൻ നേരിട്ടുള്ള ഒരു പാത , ഭഗവൽ കൃപയാൽ സാധ്യമാവുമെന്ന് കേരളാ ഹിന്ദുസൊസൈറ്റി ചെയർമാൻ കേശവൻ നായർ അറിയിച്ചു. കേരളത്തനിമയിൽ പൂജാദികർമ്മങ്ങൾ അർപ്പിച്ച്, അഷ്ടദ്രവ്യ അഭിഷേകത്താൽ വിളങ്ങിനിൽക്കുന്ന അയ്യപ്പ ദർശനത്താൽ സായൂജ്യം നേടിയാണ് എല്ലാ അയ്യപ്പ ഭക്തരും മടങ്ങി പോയത്.