വാഷിങ്ടന്‍: 18 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കുമെന്നും; കുടിയേറ്റനിയമങ്ങള്‍ കര്‍ശനമാക്കുമെന്നും യുഎസ് പ്രസിഡന്റ ഡോണള്‍ഡ് ട്രമ്പ്. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ എന്നും ട്രമ്പ് പറഞ്ഞു.
യുഎസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂണിയനെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറിയ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികളടങ്ങിയ 18 ലക്ഷം പേര്‍ക്കാണ് പുതുതായി പൗരത്വം നല്‍കുന്നത്.
വിദ്യാഭ്യാസം, ജോലി, സ്വഭാവം എന്നിവ പരിഗണിച്ചാകും ഇവര്‍ക്കു യുഎസ് പൗരത്വം നല്‍കുക. തെക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് ആവര്‍ത്തിച്ച ട്രമ്പ് ഇതു രാജ്യത്ത് കൂടുതല്‍ തൊഴിലവസരമുണ്ടാക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. പഴുതുകളുപയോഗിച്ച് അക്രമികളും ഭീകരവാദികളും നമ്മുടെ രാജ്യത്തേക്കു പ്രവേശിക്കുന്നതു തടയുകയാണു മതില്‍ നിര്‍മാണം കൊണ്ടു ലക്ഷ്യമിടുന്നത്.
രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാകുന്ന കുടിയേറ്റത്തിനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ‘ചങ്ങല കുടിയേറ്റം’ അനുവദിക്കില്ല. കുടിയേറ്റത്തിനു പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും ട്രമ്പ് ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ ഐക്യത്തിനാണ് അമേരിക്കക്കാര്‍ പ്രാധാന്യം നല്‍കേണ്ടത്.
ദുരന്തകാലത്തുമാത്രമല്ല അല്ലാത്തപ്പോളും ഒരുമിച്ചുനില്‍ക്കാന്‍ കഴിയണം. പുതിയ ഭരണകൂടം നിലവില്‍ വന്നതോടെ ജനങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ധിച്ചെന്ന് ട്രമ്പ് അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഒട്ടും പേടിയില്ലാത്ത ജനവിഭാഗമായി അമേരിക്കക്കാര്‍ മാറി. പര്‍വതം കണ്ടാല്‍ കയറും, കടല്‍ മറികടക്കും, വെല്ലുവിളിയുണ്ടായാല്‍ നേരിടും, അവസരങ്ങളെ ഉപയോഗിക്കും. ജനങ്ങള്‍ ശക്തരായതിനാല്‍ രാജ്യവും ശക്തമാണ്. സുരക്ഷിതവും ശക്തവും അഭിമാനവുമുള്ള അമേരിക്കയെ ആണു നമ്മള്‍ കെട്ടിപ്പടുക്കുന്നത്.
തിരഞ്ഞെടുപ്പിനു ശേഷം 24 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതില്‍ രണ്ടു ലക്ഷവും നിര്‍മാണ മേഖലയിലാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടെ ഏറ്റവും കുറവാണിപ്പോള്‍. ചെറുകിട വ്യാപാരികളുടെ ആത്മവിശ്വാസം വര്‍ധിച്ചു. ഓഹരി വിപണിയിലും നേട്ടമാണെന്നും ട്രമ്പ് ചൂണ്ടിക്കാട്ടി. പുതിയ അമേരിക്കയുടെ ഭാവിപദ്ധതിയില്‍ നാലു തൂണുകളാണുള്ളതെന്നും കുടിയേറ്റം, അതിര്‍ത്തി, വീസ, അണുകുടുംബ സംരക്ഷണം എന്നീ നാലു തൂണുകളെ കേന്ദ്രീകരിച്ചാകും നമ്മുടെ പ്രവര്‍ത്തനമെന്നും ട്രമ്പ് അറിയിച്ചു.