ഡാളസ്: ടെക്‌സസ് ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ എയ്‌റൊ സ്‌പേസ് എന്‍ജിനീയറിംഗ് അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയും ഇന്ത്യന്‍ വംശജയുമായ കനിക ഗക്കാറിന് ക്രേഗ് സി. ബ്രൗണ്‍ എന്‍ജിനീയറിംഗ് അവാര്‍ഡ് ലഭിച്ചു. എന്‍ജിനീയറിംഗ് പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും, തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിട്ട് 1947 ല്‍ സ്ഥാപിച്ചതാണ് ഈ അവാര്‍ഡ്. 5000 ഡോളറാണ് അവാര്‍ഡ് തുക.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അതീവ സമര്‍ത്ഥയായിരുന്ന കനികയ്ക്ക് സിംഗപ്പൂരില്‍ പഠനം നടത്തുന്നതിനുള്ള ഫഉള്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. എയ്‌റൊ ഡിസൈന്‍ ടീം അംഗമായ കനിക ഹന്നര്‍ സൊസൈറ്റി പ്രസിഡന്റായിരുന്നു. 2017 ല്‍ ബെന്‍ ഹെലികോപ്റ്റര്‍ വെര്‍ട്ടിക്കല്‍ ഫ്‌ളൈറ്റ് സ്‌കോളര്‍ഷിപ്പും കനികയ്ക്ക് ലഭിച്ചിരുന്നു.
ഈ വര്‍ഷം നടത്തിയ ഇന്റര്‍നാഷണല്‍ റേഡിയോ കണ്‍ട്രോള്‍ഡ് എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ബില്‍ഡ് ഫ്‌ളയര്‍ മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനത്തെത്തിയ ടീമില്‍ കനിക അംഗമായിരുന്നു. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തെരഞ്ഞെടുത്തവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും കനിക പറഞ്ഞു.