വാഷിംഗ്ടണ്‍: ഡ്രീമേഴ്‌സ് ഉള്‍പ്പെടെ 1.8 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിന് 25 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന കുടിയേറ്റം സംബന്ധിച്ച് വൈറ്റ്ഹൗസ് തയാറാക്കിയ കരടു ബില്ലിലെ വിവരങ്ങള്‍ പുറത്തായി. നിര്‍ദിഷ്ഠ ബില്‍ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും ട്രമ്പി ഭരണകൂടത്തിലെ സീനിയര്‍ അംഗങ്ങള്‍ ബില്ലിലെ പ്രധാന വിവരങ്ങള്‍ റിപ്പബ്ലിക്കന്‍ നിയമ നിര്‍മാതാക്കളുമായി കോണ്‍ഫറന്‍സ് കോളില്‍ പങ്കുവച്ചു. ഡെമോക്രാറ്റുകളുമായി ആശയ വിനിമയം നടത്തി സമവായമുണ്ടാക്കുന്നതിനു വേണ്ടിയാണിത്.
ഇന്ത്യക്കാരെയും, പ്രത്യേകിച്ച് മലയാളികളെയും ഏറെ ബാധിക്കുന്ന വിഷയം നിര്‍ദിഷ്ട ബില്ലിലുണ്ട്. ചെയിന്‍ കുടിയേറ്റം നിയന്ത്രിക്കുമെന്ന വ്യവസ്ഥയാണത്. അമേരിക്കന്‍ പൗരത്വമുള്ള ഒരാള്‍ക്ക് ഇതനുസരിച്ച് ജീവിതപങ്കാളിയെയും, മക്കളെയും മാത്രമേ ഫയല്‍ ചെയ്ത് കൊണ്ടുവരാന്‍ കഴിയുകയുള്ളു. കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഫയല്‍ ചെയ്ത് കൊണ്ടുവരാന്‍ കഴിയില്ല. പതിനായിരക്കണക്കിന് മലയാളികള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ എത്താന്‍ കഴിഞ്ഞത് സഹോദരങ്ങളെയും മാതാപിതാക്കളെയും ഫയല്‍ ചെയ്ത് കൊണ്ടുവരാന്‍ പറ്റുമായിരുന്ന സാഹചര്യം പ്രയോജനപ്പെടുത്തിയാണ്. അമേരിക്കയിലേക്ക് കുടിയേറാന്‍ കാര്യമായ അവസരം ലഭിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വേണ്ടി ഓരോ വര്‍ഷവും അമ്പതിനായിരം ഗ്രീന്‍കാര്‍ഡ് നല്‍കുന്ന വിസ ലോട്ടറി സമ്പ്രായം അവസാനിപ്പിക്കാനും ബില്‍ നിര്‍ദേശിക്കുന്നു.
കുട്ടികളായിരിക്കെ അമേരിക്കയില്‍ എത്തിയ ‘ഡ്രീമേഴ്‌സ്’ വിഭാഗത്തില്‍ ഏഴു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് അമേരിക്കയില്‍ തുടരുന്നത് ഒബാമയുടെ കാലത്ത് കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് എന്ന പ്രോഗ്രാമിന്റെ കാലാവധി മാര്‍ച്ചില്‍ തീരുകയാണ്. ഇവരെ സംരക്ഷിക്കുന്ന നടപടി വേണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യവും, ഇതിനു പകരമായി മതില്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കണമെന്ന റിപ്പബ്ലിക്കന്‍സിന്റെ വാശിയുമാണ് മൂന്നു ദിവസത്തെ സര്‍ക്കാര്‍ ‘ഷട്ട്ഡൗണിനു’ നിമിത്തമായത്.
1.8 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് 10 – 12 വര്‍ഷം കൊണ്ട് പൗരത്വം നല്‍കാനാണ് ബില്ലില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനിടെ, മതില്‍ നിര്‍മാണത്തിനുള്ള ഫണ്ടിംഗിനെ എതിര്‍ക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ഉന്നത നേതാവ് വ്യക്തമാക്കി. കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാടിന് ശ്രമിക്കുന്ന ട്രമ്പും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഏതൊക്കെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്ന് വ്യക്തമല്ലെങ്കിലും അമേരിക്കയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ ദുഷ്‌കരമാവുകയാണ് എന്നതാണ് യാഥാര്‍ഥ്യം.