കൊപ്പേല്‍ (ടെക്‌സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകകള്‍ പങ്കെടുത്തു ആഗസ്ത് 10 , 11 , 12 തീയതികളില്‍ നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ (ഐപിഎസ്എഫ് 2018 ) കിക്കോഫ് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്നു. സെന്റ് അല്‍ഫോന്‍സാ ദേവാലയമാണ് ഇത്തവണ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ആതിഥ്യം വഹിക്കുന്നത്. ഫെസ്റ്റിന്റെ ചെയര്‍മാനും ഇടവക വികാരിയുമായ ഫാ. ജോണ്‍സ്റ്റി തച്ചാറ, ഐപിഎസ്എഫ് 2018 റീജണല്‍ കോ ഓര്‍ഡിനേര്‍ ആന്‍ഡ് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍, ഐപിഎസ്എഫ് ഇടവക കോര്‍ഡിനേറ്റര്‍ സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിച്ചു കിക്കോഫ് നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോള്‍ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം യുവജനങ്ങളും ഇടവക സമൂഹവും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

തുടര്‍ന്ന് ദീപശിഖ ഇടവകജനങ്ങള്‍ക്കു കൈമാറി. പങ്കെടുക്കുന്ന ഇടവകകള്‍ക്കും സ്വാഗതമരുളിയ ഫാ. ജോണ്‍സ്റ്റി തച്ചാറ ഫെസ്റ്റിന് ആശസകള്‍ നേര്‍ന്നു. ‘A Sound Mind In a Sound Body’ എന്നതാണ് ഫെസ്റ്റിന്റെ ആപ്തവാക്യം രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു. ഇടവകകള്‍ക്കു ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കുവാനും ഒരു നല്ല സഭാസമൂഹം പടുത്തുയര്‍ത്താനുമുള്ള വേദിയായി സതേണ്‍ റീജനില്‍ നടക്കുന്ന ഈ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഉപകരിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് എല്ലാ ഇടവകകളുടെയും സഹകരണം അഭ്യര്‍ഥിക്കുകയും ഫെസ്റ്റിനു ആശംസകള്‍ നേരുകയും ചെയ്തു. ഒക്ലഹോമ ടെക്‌സാസ് റീജണിലെ ഇടവകകകളുടെ പരസ്പര സൗഹൃദത്തിനും കൂട്ടായ്മാക്കും സാക്ഷ്യം വഹിക്കുന്ന ഈ കായിക മേളയില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുറമെ, ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോന, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന, പേര്‍ലാന്‍ഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്, സാന്‍അന്റോണിയോ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എന്നീ റീജനിലെ എട്ടു പാരീഷുകളും പങ്കെടുക്കും. ക്രിക്കറ്റ്, സോക്കര്‍, ബാസ്‌കറ് ബോള്‍, വോളിബോള്‍ , ത്രോബോള്‍ , ബാറ്റ്മിന്റണ്‍ , ടേബിള്‍ ടെന്നീസ് , കാര്‍ഡ്‌സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി, നടത്തം തുടങ്ങി വിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കുവാനുണ്ട്. വിവിധ കമ്മറ്റികളിലായി നൂറോളം കോഓര്‍ഡിനേറ്റേഴ്‌സും പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രിസ്‌കോയിലുള്ള ഫീല്‍ഡ് ഹൌസ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോമ്പ്‌ലെകസാണ് ഈ കായിക മാമാങ്കത്തിന് വേദിയാകുന്നത്.