ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ 15-ാം വാര്‍ഷിക ഹോളിഡേ ആഘോഷങ്ങള്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തി. നഴ്‌സസ് അസോസിയേഷന്‍ എക്‌സി. വൈസ് പ്രസിഡന്റ് റജീനാ സേവ്യര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബീനാ വള്ളിക്കളം അദ്ധ്യക്ഷ പ്രസംഗം നടത്തി.
അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ടും നഴ്‌സിംഗ് വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും വെല്ലുവിളികളും വിശദീകരിച്ചും, ചേംബര്‍ലെയ്ന്‍ യൂണിവേഴ്‌സിറ്റിയുടെ ഡീന്‍ ജാനറ്റ് സ്‌നോ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും കമ്മിറ്റി ചെയറുകളുടെയും സാന്നിധ്യത്തില്‍ മെഴുകുതിരി തെളിയിച്ച് 2018 ലെ ആദ്യ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങില്‍ വച്ച് ട്രഷറര്‍ ലിസി പീറ്റേഴ്‌സ്, നാന്‍സി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി പ്രസിദ്ധീകരിച്ച സുവനീര്‍ മുന്‍ പ്രസിഡന്റുമാരുടെയു എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഡീന്‍ ജാനറ്റ് സ്‌നോ പ്രകാശനം ചെയ്തു. അതോടൊപ്പം തന്നെ ഗ്രേസി വാച്ചാച്ചിറ, റാണി കാപ്പന്‍ എന്നിവരുടെ ചുമതലയില്‍ നടന്ന റാഫിളിന്റെ നറുക്കെടുപ്പും നടന്നു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ആയ 1000, 500, 250 ഡോളര്‍ വീതം സമ്മാനിച്ചു. റാണി കാപ്പന്‍ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
ശോഭാ കോട്ടൂര്‍, ചിന്നു തോട്ടം എന്നിവര്‍ നേതൃത്വം നല്‍കിയ കള്‍ച്ചറല്‍ കമ്മിറ്റിയുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കാണികളുടെ കണ്ണിനും മനസിനും വിരുന്നായി മാറി. തുടര്‍ന്നു വരുന്ന എഡ്യുക്കേഷന്‍ സെമിനാറുകളിലും നഴ്‌സസ് ഡേ സെലിബറേഷനിലും സാന്നിധ്യമുണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.